---
title: "മത്തിപ്പറമ്പ് ടൗണിന് ഇനി രാത്രിയിലും തിളക്കം; മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു"
english_title: "Mattiparamb Town Mini High Mast Light Installed AN Shamseer MLA Fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383072/ mattiparamb-town-mini-high-mast-light-installed-mekkunnu-chokli"
published_at: "2026-09-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab7fb313459_mattiparamb-town-mini-high-mast-light-installed-mekkunnu-chokli.jpg"
keywords: ["Mattiparamb", "Mekkunnu", "Chokli Grama Panchayat", "Mini High Mast Light"]
---

# മത്തിപ്പറമ്പ് ടൗണിന് ഇനി രാത്രിയിലും തിളക്കം; മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു

> **Lead Summary:** മത്തിപ്പറമ്പ് :മേക്കുന്ന് മത്തിപ്പറമ്പ് ടൗണിൽ രാത്രിയുടെ ഇരുട്ടകറ്റി മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു. ടൗണിലെ രാത്രികാല യാത്രയ്ക്കും വ്യാപാര മേഖലയ്ക്കും കൂടുതൽ വെളിച്ചം പകരുന്നതാണ് പുതിയ മിനി ഹൈമാസ്റ്റ് ലൈറ്റ്.

## Article Content

മത്തിപ്പറമ്പ് :മേക്കുന്ന് മത്തിപ്പറമ്പ് ടൗണിൽ രാത്രിയുടെ ഇരുട്ടകറ്റി മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു. ടൗണിലെ രാത്രികാല യാത്രയ്ക്കും വ്യാപാര മേഖലയ്ക്കും കൂടുതൽ വെളിച്ചം പകരുന്നതാണ് പുതിയ മിനി ഹൈമാസ്റ്റ് ലൈറ്റ്.

അഡ്വ. എ.എൻ. ഷംസീർ സ്പീക്കറായിരിക്കെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2024–25 വർഷം അനുവദിച്ച തുക ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. മത്തിപ്പറമ്പ് ഹിദായത്തുൽ അനാം ജുമാ മസ്ജിദിന് മുൻവശത്തായാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

ലൈറ്റ് പ്രവർത്തനസജ്ജമായതോടെ മത്തിപ്പറമ്പ് ടൗണിൽ രാത്രിയിലും കൂടുതൽ പ്രകാശം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമയത്തും യാത്രക്കാർക്കും നാട്ടുകാർക്കും പുതിയ ലൈറ്റ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

പ്രദേശത്തിന്റെ പ്രധാന കേന്ദ്രമായ മത്തിപ്പറമ്പ് ടൗണിൽ രാത്രികാല യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ടൗണിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നതിനും പുതിയ ലൈറ്റ് സഹായകമാകും.

ലൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത ദിവസം നടത്തുമെന്ന് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അറിയിച്ചു.

മത്തിപ്പറമ്പ് പത്താം വാർഡ് മെമ്പർ റിജിന, മുൻ വാർഡ് മെമ്പർ ഷാജി എം., ടൈലർ സുരേന്ദ്രൻ, ഹിദായത്തുൽ അനാം ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി വി.വി. മുനീർ, സി. നസീർ, ഉമ്മർ കോയ ഉംറാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383072/ mattiparamb-town-mini-high-mast-light-installed-mekkunnu-chokli)